“വാപ്പാ …… ഞാൻ ഇറങ്ങട്ടെ, ഇന്നും ലേറ്റ് ആവും ഓഫീസിൽ എത്താൻ” മകളുടെ രാവിലെയുള്ള ഗദ്ഗദം കേട്ടിട്ടാണ് പരീക്ക മുറിയിൽ നിന്നും പുറത്തു വന്നത്. ഏകദേശം ഒരു നാഴികയോളം മീതെ വണ്ടി ഓടിച്ചാലേ ജബൽ അലിയിലുള്ള അവളുടെ ഓഫീസിൽ എത്താൻ കഴിയൂ.അവൾക്ക് കുട്ടികൾ മൂന്നായി. എന്നാലും അവളുടെ കൊച്ചു വ്യാകുലതകൾ പോലും ഇന്നും പരീക്കാക്ക് സങ്കടങ്ങളാണ് .”മോളെ വാപ്പ കൊണ്ടു വിട്ടാലോ ?”എന്ന് ചോദിയ്ക്കാൻ ആഗ്രഹിച്ചെങ്കിലും പരീക്ക അതിനു ശ്രമിച്ചില്ല .അല്ലേലും വാപ്പ വണ്ടിയെടുക്കാനുള്ള പ്രായം കഴിഞ്ഞെന്നാണ് മകളുടെ വിധിയെഴുത്ത് .
മേശയിൽ തനിക്ക് വെച്ചിരിക്കുന്ന കോഫിയുമെടുത്തു പരീക്ക പതിയെ ബാല്കണിയിലേക്ക് നീങ്ങി.ജനുവരി മാസമായതിനാൽ തണുപ്പ് കുത്തിക്കയറുന്നുണ്ടായിരുന്നു.എന്നാലും പരീക്കാന്റെ ബില്ഡിങ്ങിന്റെ ഓപ്പോസിറ്റ് ആയി പ്രൗഢിയോടെ തലപൊക്കി നിൽക്കുന്ന വെള്ളിക്കമാനം ഉണ്ട് ഫ്യൂച്ചർ മ്യൂസിയം ,അദ്ദേഹത്തിനത് കാണണം .അവിടെ ആരംഭിക്കുന്നു പരീക്കാന്റെ ഒരു ദിവസം .ചിതറിക്കിടക്കുന്ന എല്ലാ ഓർമ തുണ്ടുകളെയും കൂട്ടിയിണക്കുന്നത് ഈ സമയത്താണ് .ആലങ്കാരികമാണെങ്കിലും ബാൽക്കണിയിലെ പൂന്തോട്ട മധ്യത്തിൽ ഇട്ടിരിക്കുന്ന ആം ചെയർ പരീക്കയുടെ ഓരോ ദിവസത്തിന്റെയും കണ്ടൻറ് ക്രിയേറ്റർ ആണ് .അഞ്ചു പൈസയില്ലാതെ ഈ വാർധക്യത്തിലും അദ്ദേഹം എല്ലാ ലോകരാജ്യങ്ളും ഈ ആം ചെയറിലിരുന്നു സഞ്ചരിക്കും .ബാല്കണിയുടെ താഴെ വിശാലമായി കിടക്കുന്ന ഷെയ്ഖ് സയ്ദ് റോഡിലൂടെ തുടങ്ങും യാത്ര .അത് പിന്നീട് അവസാനിക്കുന്നത് വ്യത്യസ്ത രാജ്യങ്ങളിലാണ് .
ഇതിനു പരീക്കയെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ സ്മാർട്ട് ഫോണാണ് .അബ്ബാസും ,സ്മാർട്ട് ഫോണും പാരീക്കാന്റെ കൂടപ്പിറപ്പുകൾ എന്നാണ് കൊച്ചു മക്കൾ കളിയാക്കാറുള്ളത് .രാജ്യങ്ങളെ കാണാനും, അറിയാനും ഗൂഗിളിന്റെയും യൂട്യൂബിന്റേയും അനന്ത സാധ്യതകളും മുതലെടുക്കാറുണ്ട് .ടൈപ്പ് ചെയ്യാൻ കുറച്ച സ്ലോ ആണെങ്കിലും പിന്നീട് അതിനും പരിഹാരമായി .”ഉപ്പപ്പ ഇങ്ങനെ ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടണ്ട നമുക്ക് സിരിയുണ്ട് ,സിരിയോട് ചോദിച്ചാൽ എല്ലാം പറഞ്ഞു തരും കാട്ടീം തരും “.അങ്ങിനെ അഞ്ചു വയസ്സുള്ള കൊച്ചുമകന്റെ ശിഷ്യനും ആയി. കാലത്തിനൊത്തു സഞ്ചരിക്കാൻ പരീക്ക ഇച്ചിരി ബുദ്ധിമുട്ടുന്നുണ്ട്. എന്നാലും കാലിടറി വീഴാതിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. എഴുപതുകളിൽ യു എ ഇ യിലേക്ക് കടൽ മാർഗം എത്തിയ അദ്ദേഹത്തിന് ഈ രാജ്യം ഇപ്പോൾ മാതൃഭൂമി പോലെയാണ് .അത് കൊണ്ട് തന്നെയാണ് ഈ വാർധക്യത്തിലും അദ്ദേഹം സ്വന്തം മണ്ണിലേക്ക് തിരിച്ചു പോകാതെ ഇവിടെ നിൽക്കുന്നത് .
അറബിക് സംഗീതത്തോടെ മുഴങ്ങുന്ന കാളിങ് ബെൽ രണ്ട് വട്ടം ശബ്ദിച്ചപ്പോൾ അയാൾ എഴുന്നേറ്റു. മറുവശത്തു അബ്ബാസ് ആണെന്ന് അറിയാം .പാരീക്കാന്റെ സ്ഥിരം സന്ദര്ശകനാണ്. ഈ പലസ്തീനിയുമായുള്ള പാരീക്കാന്റെ ബന്ധം ഇളയ കൊച്ചു മകനോളം പ്രായമുണ്ട് .മകളും കൊച്ചുമക്കളും പോയാൽ അദ്ദേഹത്തിന്റെ ദിവസത്തിലെ ചെറിയൊരു ഭാഗം അബ്ബാസിനൊത്താണ്.അവൻ ഈ ബില്ഡിങ്ന്റെ മെയ്ന്റനൻസ് വർക്കിന് വരുന്നതാണ്.വിരമിക്കാറായെങ്കിലും കുടുംബ പശ്ചാത്തലങ്ങൾ അദ്ദേഹത്തെ ഇവിടെ ജോലി ചെയ്യാൻ നിര്ബന്ധിതനാക്കുന്നു .ആവശ്യത്തിന് മാത്രമേ സംസാരിക്കൂ .ഒരു പാട് അനുഭവങ്ങളും വായനാ സമ്പത്തും കൂടിക്കലർന്ന ഒരു വ്യക്തിത്വമാണ് അബ്ബാസിന്റേത് .വാർധക്യം ഒരു നാണക്കേടായ കാലഘട്ടമായി പരീക്കാക്ക് തോന്നാതിരുന്നത് അബ്ബാസിനെ കണ്ട് മുട്ടിയത് മുതലാണ്. ഒരു സഹയാത്രികനെ പോലെ കൂടെയുണ്ടാകും .വിയർപ്പിന്റെയും സിഗെരെറ്റിന്റെയും സമ്മിശ്രമായ ദുർഗന്ധം ആദ്യം ഒരു പ്രശ്നമായിരുന്നെങ്കിലും പിന്നീട് അതൊരു ശീലമായി മാറി .അറിവ് പകർന്നു കൊടുക്കാൻ പടച്ചോൻ ഈ ഭൂമിയിലേക്ക് ഇറക്കിയതാണോ അബ്ബാസിനെ എന്ന് ചിലപ്പോൾ തോന്നിപോകും .അതിർവരമ്പുകളില്ലാത്ത സംഭാഷണം പാരീക്കാന്റെ വാർധക്യത്തെ പലപ്പോഴും യൗവനത്തിലേക്ക് കൊണ്ട് പോയി .യാസർ അറഫാത്തിന്റെ ചരിത്ര കഥകൾ അദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ ഇമ്പമാണ് .ഓരോ കൂട്ടിമുട്ടലിലും ഒരു മലയോളം പോസിറ്റീവ് എനർജി കൊടുത്തേ അബ്ബാസ് മടങ്ങൂ.ഒരു പാട് വലിയ കാര്യങ്ങൾ സ്വന്തം കുടുംബത്തിന് സന്തോഷത്തോടെയും സംതൃപ്തിയോടെയും ചെയ്തു കൊടുത്തു .ഓരോ പ്രാവശ്യവും അബ്ബാസ് ഈ കഥകൾ പറയുമ്പോൾ അവനു കിട്ടുന്ന മുവ്വായിരം ദിര്ഹത്തിന്റെ പൂജ്യങ്ങൾ എണ്ണി നോക്കി പരീക്ക ആശ്ചര്യപ്പെടാറുണ്ട് .കടമകൾ നിറവേറ്റുന്ന നിർവൃതിയിൽ അധ്വാനത്തിന്റെ കയ്പ്പ് മറന്നു പോയ പച്ചയായ മനുഷ്യൻ.
എന്നത്തേയും പോലെ പരീക്ക ശീതീകരിച്ച മുറിയിലേക്കുള്ള വാതിൽ അബ്ബാസിനായി തുറന്നു കൊടുത്തു .പക്ഷെ ഇന്ന് അബ്ബാസ് വല്ലാതെ വ്യസനിച്ചിരിക്കുന്നു .പരാജിതനായ യോദ്ധാവിനെ പോലെ അദ്ദേഹം നിശബ്ദനായി .പരീക്കാന്റെ ജിജ്ഞാസ ദുസ്സഹമായിത്തുടങ്ങി.സംഭാഷണം തുടങ്ങുന്നത് വേദനാജനകാമായി .അവർക്കിടയിൽ നിശ്ശബ്ദത തളം കെട്ടി പിന്നീടെപ്പോഴോ അബ്ബാസ് തുടങ്ങി .”അഹ്‌ലൻ സദീഖി,അന സ അർഹൽ മിൻ അലിമാറാത്തി ഖിലാൽ ബിദാ’അത് അയാം ” (ഹലോ സുഹൃത്തേ ,ഞാൻ കുറച്ച ദിവസത്തിനുള്ളിൽ പോകുകയാണ് ) “എന്ത് ?എന്ത്‌കൊണ്ടാണ് ഈ പെട്ടന്നുള്ള തീരുമാനം ?” പരീക്ക തികച്ചും അത്ഭുതത്തോടെ അബ്ബാസിന്റെ ഭാഷയിൽ ചോദിച്ചു .അബ്ബാസ് നിർവികാരമായ സ്വരത്തിൽ തുടർന്നു.”പെട്ടന്ന് എടുത്ത തീരുമാനമല്ല സുഹൃത്തേ .മാസങ്ങൾക്ക് മുൻപ് ഞാൻ പോകാൻ തീരുമാനിച്ചു .പക്ഷേ താങ്കളോട് നേരത്തെ പറയാൻ ആഗ്രഹിച്ചില്ല .ഇപ്പോൾ അതിനു സമയമായിരിക്കുന്നു .ജീവിതത്തിന്റെ മുക്കാൽ ഭാഗവും ഇവിടെ ചിലവഴിച്ച എനിക്ക് ശിഷ്ട കാലം കുടുംബത്തോടപ്പം കഴിയണം .തികച്ചും ന്യായം എന്ന മറുപടിയുമായി പരീക്ക തലയാട്ടികൊണ്ടിരുന്നു .പല ചോദ്യങ്ങളും ഒരു ബൂമറാങ് പോലെ മനസ്സിനെ പ്രക്ഷുബ്ധമാക്കികൊണ്ടിരുന്നു.വാർധക്യത്തിൽ ഉയർന്നു വന്നിട്ടുള്ള ഓരോ പ്രശ്നങ്ങൾക്കും അബ്ബാസ് നൽകിയിരുന്ന കാഴ്ചപ്പാട് ജാസ്മിൻ പൂക്കളെ പോലെ ഭംഗിയും സുഗന്ധവുമുള്ളതായിരുന്നു .ഒരോ നിമിഷങ്ങളും കടന്നു പോകുന്നത് മണിക്കൂറുകളേക്കാൾ ദൈർഘ്യം .അല്ലേലും ജീവിതത്തെ കുറിച്ചുള്ള പ്രവചനങ്ങൾ പലപ്പോഴും സാധ്യമല്ല.താനും അബ്ബാസും തമ്മിലുള്ള കൂടിച്ചേരൽ ഇന്ന് മാത്രമേ ഉള്ളൂ എന്ന സത്യം പരീക്കയുടെ മനസ്സിനെ ജീവച്ഛവമാക്കി. നിശബ്ദത വീണ്ടും കൂടിക്കയറി .
പരീക്ക മുറിയിൽ പോയി തന്റെ പ്രിയപ്പെട്ടവനുള്ള സമ്മാനപ്പൊതി തിടുക്കത്തിൽ ഒരുക്കി.നിശബ്ദത അതിവേഗത്തിൽ അവിടെയെല്ലാം ആളിക്കയറി.രണ്ടു പേരുടെയും മനസ്സിൽ ഉമിത്തീ നീറിപ്പിടിച്ചു കൊണ്ടേയിരുന്നു .പ്രിയ സുഹൃത്തിന്റെ സമ്മാനപ്പൊതിയുമായ് ഭാരമേറിയ ഹൃദയത്തോടെ അബ്ബാസ് യാത്ര ചൊല്ലി.
പരീക്ക വീണ്ടും ബാൽക്കണിയിലേക്ക് നീങ്ങി .പ്രിയ സുഹൃത്തിന്റെ വണ്ടി എക്സിറ് ഗേറ്റിലൂടെ കടന്നു പോകുമ്പോൾ ഒരു നോക്ക് കാണാൻ .തളർന്നു വീഴാതിരിക്കാൻ അദ്ദേഹം ബാല്കണി ഗ്രിൽ മുറുകെപ്പിടിച്ചു.വാർധ്യക്യത്തിലെ തന്റെ രണ്ട് കൂടപ്പിറപ്പുകൾ നഷ്ടപ്പെടുന്നതോർത്തു കണ്ണ് നനയാതിരിക്കാൻ ഒത്തിരി പാടുപെട്ടു.അബ്ബാസ് എന്ന മഹാമനുഷ്യനും ലോകം കാണിച്ചു തന്ന എന്റെ സ്മാർട്ട് ഫോണും ആ വെള്ളക്കാറിൽ പോകുന്നത് കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു.അറിവിന്റെ ദീപശിഖയായിഅവരിനി മറ്റൊരു തട്ടകത്തിലേക്ക്.
” ഉപ്പപ്പാ ……….” പിന്നിൽ നിന്നും കൊച്ചു മകന്റെ വിളി .അവൻ സ്കൂളിൽ നിന്നും എത്തിയിരിക്കുന്നു .” ഉപ്പപ്പാ………എന്റെ ഹോംവർക് ചെയ്യാൻ എനിക്കിനി ഒരാളുണ്ട് ………വാ ഞാൻ കാണിച്ചു തരാം ” ചാറ്റ് ജി പി റ്റി യുടെ (chatGPT ) അമ്പരപ്പിക്കുന്ന അത്ഭുതങ്ങളിലൂടെ ആ അഞ്ചു വയസ്സുകാരൻ പരീക്കയെ വീണ്ടും യൗവനത്തിലേക്കെത്തിച്ചു .അതെ പ്രായം രണ്ട് അക്കങ്ങൾ തമ്മിലുള്ള സ്ഥാനാന്തരണങ്ങൾ മാത്രം ആണ് .
ഷഹീന അസീസ് ,ദുബായ് .
Leave a comment